ചെറു കഥ : നിദ്രാ നിബിഡം

ഉറക്കം ഉറഞ്ഞു നിൽക്കുന്ന ആ മുറിയിൽ കട്ടിലുകൾ ഉണ്ടായിരുന്നില്ല. തണുപ്പ് കട്ടപിടിച്ച അലമാരികളും ഞരങ്ങി നീങ്ങുന്ന ജനാലകളും ഉള്ള ഒരു മുറി. അയാൾ വീണ്ടും വീണ്ടും ഉറങ്ങിക്കൊണ്ടേയിരുന്നു. തടിപോലെ പരുപരുത്ത ആ തറയിൽ, ഇരുണ്ട ആ മുറിയിൽ ഏകാന്തതയോന്നും അയാൾക്ക്‌ ഒരു വിഷയം ആയിരുന്നില്ല. ഉറക്കത്തിന്റെ ചങ്ങലകൾ അയാളുടെ തലച്ചോറിന്റെ അടിവേരുവരെ പിണഞ്ഞു കിടന്നിരുന്നു. ഇന്നലെകൾ അയാളെ ബന്ധനസ്ഥനാക്കി. നാളെകൾ അയാളുടെ ഉൾക്കണ്ണുകളെ അന്ധമാക്കിയിരുന്നു. അയാൾ സ്വപ്‌നങ്ങൾ ഒന്നും കണ്ടില്ല, അഥവാ കണ്ടതായി ഓർക്കുന്നില്ല. പകലുകൾ ഉറങ്ങി തീർത്ത അയാൾ രാത്രി കാലങ്ങളിൽ വീണ്ടും ഉറങ്ങി. സ്വന്തം ശരീരത്തിനകത്തുഒത്തിരി മനുഷ്യർ കുടിയിരിക്കുന്നതായി അയാൾക്ക്‌ തോന്നി. അങ്ങനെ അയാൾ അയാളുടെ ഉള്ളിൽ ഉറക്കത്തിന്റെ വിവിധങ്ങളായ ശരീര ഭാഷകൾ കണ്ടെത്തി. ഉറക്കം ആവാഹനങ്ങളുടെ അവരോഹണങ്ങളായി മാറി. ആ മുറിയിലെ തടിച്ച മെത്തയും നനുത്ത ഈർപ്പവും മെലിഞ്ഞുണങ്ങിയ അലമാരകളും ചേർന്ന് ആ മനുഷ്യ ദേഹത്തിന്റെ നിദ്ര ദാഹം ആഘോഷിച്ചുകൊണ്ടേയിരുന്നു. ഒരു പകൽ വരെ. അയാൾ ഉള്ളിൽ നിന്നും അന്യമായ ശബ്ദ ശകലങ്ങൾ കേട്ട ആ പകൽ. ആ പകലിൽ അയാൾ ഒരു പമ്പരം പോലെ കറങ്ങി. ഉറക്ക പിച്ചയിൽ അയാൾ പകച്ചു പോയി. അയാൾ തിരിച്ചറിഞ്ഞു. ഞാൻ എന്റെ തടി കിടക്കയിലല്ല, ഒരു വഴിവക്കിലാണെന്ന്. ആ പാതയോരത്തിൽ അയാൾ ബോധരഹിതനായി മാറിയപ്പോൾ അയാൾ തീർത്ത നിദ്രയുടെ ലോകങ്ങൾ അകലെ ആണെന്ന് തിരിച്ചറിയുകയായിരുന്നു. അതൊരു അർദ്ധ വിരാമം ആയിരുന്നു.

ചെറു കഥ : നിദ്രാ നിബിഡം
ചെറു കഥ : നിദ്രാ നിബിഡം